ആരാധനാലയങ്ങള്
html;;

തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാറിന്റെ കൈവഴിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കോട്ടയം താലൂക്കിൽ തിരുവാർപ്പ് ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. അതുപോലെ തന്നെ തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈഷ്ണവ ക്ഷേത്രമാണ് ഇത്.
ഇന്ത്യയിൽ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം. വെളുപ്പിന് രണ്ടുമണിക്കാണ് ക്ഷേത്രനട തുറക്കുക. ഉദയാല്പരം എന്ന കണക്കടിസ്ഥാനത്തിലാണ് നട തുറക്കുന്നത്. ഇവിടുത്തെ ഉഷഃപായസം വളരെ പ്രധാനമാണ്. ധാരാളം ശർക്കരയിട്ടുണ്ടാക്കുന്ന ഒരുതരം നെയ്പായസമാണ് ഉഷഃപായസം. ഇത് പേര് സൂചിപ്പിക്കുന്നതുപോലെ ഉഷഃപൂജയ്ക്കാണ് നേദിക്കുന്നത്. പുലർച്ചെ മൂന്നുമണിയോടെയാണ് ഇത്.
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവാണ് . എന്നാൽ, ശ്രീകൃഷ്ണനായാണ് സങ്കല്പം. കംസവധം കഴിഞ്ഞ് കോപവും വിശപ്പും കൊണ്ട് അവശനായ ശ്രീകൃഷ്ണന്റെ ഭാവത്തിലാണ് ഇവിടെ ഭഗവാനെ ആരാധിക്കുന്നത്.
മേടമാസത്തിലെ വിഷുനാളിൽ കൊടികയറി പത്താമുദയത്തിന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിനിടയിൽ വരുന്ന അഞ്ചാം നാളിലെ പുറപ്പാടും പള്ളിവേട്ട ദിവസമുള്ള ആനയോട്ടവും അതിഗംഭീരമാണ്.
ഗുരുവായൂർ കൂടാതെ ആനയോട്ടം നടക്കുന്ന പ്രധാന ശ്രീകൃഷ്ണക്ഷേത്രമാണ് തിരുവാർപ്പ്. കൂടാതെ അഷ്ടമിരോഹിണിയും അതിവിശേഷമാണ്. ദീപാവലി, സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയാണ് മറ്റു വിശേഷ ദിവസങ്ങൾ.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. 1500 വർഷങ്ങൾക്കു മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം.
പാണ്ഡവർ വനവാസം നടത്തിയിരുന്ന കാലത്ത് അവർക്കു പൂജിക്കാൻ ഭഗവാൻ തന്നെ നൽകിയ വിഗ്രഹമാണ് പിന്നീട് തിരുവാർപ്പ് ക്ഷേത്രത്തിലെത്തിയതെന്നാണ് സങ്കല്പം. വനവാസം കഴിഞ്ഞു മടങ്ങിയ പാണ്ഡവർ, ഭഗവാൻ ദ്രൗപദിക്ക് നൽകിയ അക്ഷയപാത്രത്തിൽ വെച്ച് ഈ വിഗ്രഹം കടലിൽ ഒഴുക്കുകയായിരുന്നുവെന്നാണ് വിശ്വാസം.